കൊച്ചി: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവ് പിടിയില്‍. തൂത്തുക്കുടി സ്വദേശി അജയ്(27)ആണ് അറസ്റ്റിലായത്. പാലാരിവട്ടം സ്വദേശിയായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടമ അയൂബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന അജയ് സ്ത്രീകളെ ശല്യംചെയ്തിരുന്നത്.
അയൂബിയുടെ ഫേസ്ബുക്ക് പാസ്വേഡ് ഹാക്ക് ചെയ്ത അജയ് സ്വന്തം മൊബൈല്‍ഫോണും ബാംഗ്ലൂരിലേയും കൊച്ചിയിലേയും ഇന്റര്‍നെറ്റ് കഫേകളുമാണ് തട്ടിപ്പിന് ഉപയോഗിച്ചത്. അയൂബിയുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികളോട് അയൂബിയാണെന്ന വ്യാജേന ചാറ്റ് ചെയ്ത ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. പുതുതായി സൃഷ്ടിച്ച ഇമെയില്‍ വിലാസം നല്കിയ ശേഷം മോഡലിങ് ആവശ്യത്തിനായി ഫോട്ടോകള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ അയൂബി നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച രാത്രി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് നോര്‍ത്ത് സി.ഐ. എം.രമേഷ്കുമാറും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കടപ്പാട് – മാതൃഭൂമി
