ബാംഗൂര്‍: ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാജ സമ്മാന പദ്ധതി പ്രഖ്യാപിച്ച് റയില്‍വേ ജീവനക്കാരനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍. യുപി നോയിഡ സ്വദേശിനി മിഷല്‍ സി വെല്‍സും (45) കൂട്ടുപ്രതികളുമാണ് ബാംഗൂര്‍ പൊലീസിന്റെ പിടിയിലായത്. യലഹങ്ക റയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുത്തുകുമാറാണ് പരാതിക്കാരന്‍.

ലോട്ടറിയില്‍ സമ്മാനാര്‍ഹനായെന്നും 10 ലക്ഷം പൌണ്ടും ബിഎംഡബ്ള്യു കാറും സമ്മാനമായി ലഭിക്കുമെന്നും അറിയിച്ച് കഴിഞ്ഞ ജൂലൈ 30ന് മുത്തുകുമാറിന് ഇ മെയില്‍ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടതു പ്രകാരം തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു കൊടുത്ത മുത്തുകുമാറിന് വിഷ്വല്‍ ഡെസ്പാച്ച് ഡെലിവറി എന്ന സ്ഥാപനവുമായി ബന്ധപ്പെടണമെന്നും സമ്മാനം കൈപ്പറ്റുന്നതിനായി ഡല്‍ഹിയിലെ ബാങ്കില്‍ 47,843 രൂപ അടയ്ക്കണമെന്നും സന്ദേശം ലഭിച്ചു.

പിന്നീട് ബ്രിട്ടീഷ് ഇന്‍ലാന്‍ഡ് റവന്യൂ കമ്മിഷനിലേക്കാണെന്ന് ആവശ്യപ്പെട്ട 1,29,144 രൂപയും അദ്ദേഹം അടച്ചു. ഭീകര വിരുദ്ധ വകുപ്പില്‍ അടയ്ക്കാനാണെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും 50,000 രൂപയെങ്കിലും വേണമെന്ന് സംഘം ശഠിച്ചു. തുടര്‍ന്ന് യലഹങ്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് സംഘം ഇന്റര്‍നെറ്റ് സന്ദേശങ്ങളുടെ ഉറവിടം മനസ്സിലാക്കിയ ശേഷം യുപിയില്‍ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘം കൂടുതല്‍ പേരെ കബളിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു.

കടപ്പാട്- മനോരമ 18-01-08

Advertisements