ബംഗളുരു: പ്രണയാഭ്യര്‍ഥന നിരസിച്ച പതിമൂന്നു വയസുകാരിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ പേരില്‍ അശ്ലീല വെബ്‌ സൈറ്റ്‌ നിര്‍മിച്ച മലയാളി അറസ്‌റ്റില്‍. ബംഗളുരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരനായ കോട്ടയം മാമ്മൂട്‌ സ്വദേശി വിനോദ്‌ ജോണാണ്‌ (21) അറസ്‌റ്റിലായത്‌. വ്യാഴാഴ്‌ച എറണാകുളത്തു നിന്നാണു ബംഗളുരു പോലീസ്‌ വിനോദിനെ കസ്‌റ്റഡിയിലെടുത്തത്‌.

ബംഗളുരുവില്‍ അയല്‍വാസിയായ പതിമൂന്നുവയസുകാരി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണു പ്രതി ഇവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി അശ്ലീല വെബ്‌സൈറ്റ്‌ നിര്‍മിച്ചത്‌.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയ വിനോദിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്നു പ്രതി പെണ്‍കുട്ടിയുടെ പേരില്‍ അശ്ലീല വെബ്‌സൈറ്റ്‌ നിര്‍മിച്ചു കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും നിരവധി അശ്ലീല വെബ്‌സൈറ്റുകളിലേക്ക്‌ ലിങ്ക്‌ നല്‍കുകയും ചെയ്‌തു. ഇന്റര്‍നെറ്റില്‍ സൈറ്റ്‌ പ്രത്യക്ഷപ്പെട്ടതോടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്‌ അജ്‌ഞാത ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. ശല്യം സഹിക്കാനാകാത്ത ഇവര്‍ കഴിഞ്ഞ മേയില്‍ ബംഗളുരു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിനോദിന്റെ ബംഗളുരുവിലെ മേല്‍വിലാസം തെറ്റാണെന്നു കണ്‌ടെത്തി. വിനോദ്‌ നല്‍കിയിരുന്ന കോണ്‍ടാക്‌റ്റ് നമ്പറുകളും വ്യാജമായിരുന്നു. പോലീസ്‌ അന്വേഷണത്തെക്കുറിച്ചറിഞ്ഞ വിനോദ്‌ ബംഗളുരു വിട്ടു. ഇതറിഞ്ഞ ബംഗളുരു പോലീസ്‌ കേരള പോലീസിലെ ഹൈടെക്‌ സെല്ലുമായി ബന്ധപ്പെടുകയും വിനോദിന്റെ നാട്ടിലെ വിലാസം കണ്‌ടെത്തുകയുമായിരുന്നു. രണ്ടുമാസം മുമ്പു ബംഗളുരു പോലീസ്‌ മാമ്മൂട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും വിനോദിനെ കണ്‌ടെത്താനായില്ല. കഴിഞ്ഞദിവസം വിനോദ്‌ കേരളത്തിലെത്തിയതായി വിവരം ലഭിച്ച ബംഗളുരു പോലീസ്‌ കേരളത്തിലെത്തി വിനോദിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്‌ടെത്തി. മൊബൈല്‍ ഫോണില്‍ വിനോദിനെ വിളിച്ച്‌ എവിടെയുണ്‌ടെന്നന്വേഷിച്ചു. മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സഹായവും തേടി. തൃക്കാക്കര മുത്തൂറ്റ്‌ ടവറിലുണ്ടായിരുന്ന വിനോദിനെ കേരളപോലീസിന്റെ സഹായത്തോടെ ബംഗളുരു പോലീസ്‌ അറസ്‌റ്റ് ചെയ്ുകയായിരുന്നുയ.

പ്രതി കുറ്റം സമ്മതിച്ചതായി ബംഗളുരു സൈബര്‍ ക്രൈം എസ്‌.പി ഡോ: ബി.എ. മഹേഷ്‌ പറഞ്ഞു. ബംഗളുരുവില്‍ മൂന്നുവര്‍ഷം എത്തിയ വിനോദ്‌ കോള്‍സെന്റര്‍ ജോലിക്കൊപ്പം പഠനം നടത്തുകയും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്‌തു. പിന്നീട്‌ ബംഗളുരുവിലെ ഒരു സോഫ്‌റ്റ്വേര്‍ സ്‌ഥാപനത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും ജോലി നോക്കി. ഐ.ടി. നിയമത്തിലെ സെക്ഷന്‍ 67 പ്രകാരമാണ്‌ വിനോദിനെ അറസ്‌റ്റ് ചെയ്‌തത്‌. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക്‌ ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അശ്ലീല വെബ്‌സൈറ്റ്‌ നിര്‍ച്ച കേസ്‌ ബംഗളുരുവില്‍ ആദ്യമാണന്നു പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

കടപ്പാട്- മംഗളം 10-02-08

Advertisements