ന്യൂഡല്‍ഹി: ഓര്‍ക്കുട്ട്, ഫേസ് ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പരസ്യമായി വൃക്കവ്യാപാരത്തിന് ഉപയോഗിക്കുന്നു. വൃക്ക വാങ്ങാനും വില്‍ക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഈ വെബ്സൈറ്റുകളിലെ ബന്ധപ്പെട്ട കമ്യൂണിറ്റികള്‍വഴി ബന്ധപ്പെടാവുന്നതാണ്. നിലവിലുള്ള അവയവ വ്യാപാരനിയമങ്ങള്‍ കാറ്റില്‍പ്പറത്തുന്നതാണ് ഇത്തരം നടപടികള്‍.

ഈ വെബ്സൈറ്റുകളിലെ കമ്യൂണിറ്റികളില്‍ ആയിരക്കണക്കിനുപേര്‍ അംഗങ്ങളാണ്. വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് ഓര്‍ക്കുട്ടിലെ 35 കമ്യൂണിറ്റികളില്‍ എഴുന്നൂറിലേറെപ്പേര്‍ അംഗങ്ങളാണ്. ഫേസ് ബുക്കിലാകട്ടെ ലോകവ്യാപകമായി ആയിരത്തിലേറെ അംഗങ്ങളുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗം ഇന്ത്യക്കാരും.

ഓര്‍ക്കുട്ടുവഴിയുള്ള വൃക്കവ്യാപാരം ശ്രദ്ധയില്‍പ്പെട്ടെന്നും ഇതില്‍ നിയമവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുമെന്നും ഓര്‍ക്കുട്ട് അധികൃതര്‍ പറയുന്നു.

കമ്യൂണിറ്റികളിലുള്ള മിക്ക സന്ദേശത്തിലും ആവശ്യക്കാരുടെ ഫോണ്‍നമ്പരും ഇ മെയില്‍ വിലാസവുമുണ്ട്. കടക്കെണിയിലായതുമൂലം വൃക്ക നല്‍കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. വൃക്ക സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തിയാല്‍ തങ്ങളുടെ ആരോഗ്യവിവരങ്ങള്‍വരെ ഈ വെബ്സൈറ്റുകള്‍വഴി പരസ്യമായി നല്‍കാന്‍ ഇവര്‍ തയ്യാറാണ്. പലര്‍ക്കും ഏറെ നാളായുള്ള കാത്തിരിപ്പിന് ഈ കമ്യൂണിറ്റികള്‍ സഹായകമായിട്ടുണ്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള വൃക്കവ്യാപാരം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഓര്‍ക്കുട്ടിലെയും ഫേസ് ബുക്കിലെയും കമ്യൂണിറ്റികള്‍വഴിയുള്ള ഇത്തരം വൃക്കവ്യാപാരവും നിയമവിരുദ്ധമാണ്.

കടപ്പാട്- ദേശാഭിമാനി 19-2-08

Advertisements