അടൂര്‍: ഇന്റര്‍നെറ്റ് വഴി 12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അടൂരിലെ വ്യാപാരി കണ്ണങ്കോട് ബാവാ മന്‍സിലില്‍ അബ്ദുല്‍ സലാമിനെ (45) കബളിപ്പിച്ച് പണം തട്ടിയതിനു തിരുവനന്തപുരം പള്ളിക്കല്‍ മടവൂര്‍ സരിന്‍ വില്ലയിലെ സമിനെ (29) യാണ് അടൂര്‍ എസ്ഐ ടി. രാജപ്പന്‍ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് കാപ്പിറ്റല്‍ സര്‍വീസസ് എന്ന സ്ഥാപനം നടത്തുന്ന സമിന്‍ തിരുവനന്തപുരം പള്ളിക്കലിലെ എസ്ബിടി ശാഖയില്‍ നിന്നു 12 ലക്ഷം രൂപ വ്യവസായ വായ്പ ശരിയാക്കി കൊടുക്കാമെന്ന് ഇന്റര്‍നെറ്റിലൂടെ തെറ്റായ സന്ദേശം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിന്റെ പേരില്‍ പത്തു തവണയായി രണ്ടര ലക്ഷം രൂപ വാങ്ങിച്ചെടുത്തു. യുഎസ്എയില്‍ നിന്നാണ് ഇന്റര്‍നെറ്റ് സന്ദേശം എത്തിയത്. വായ്പാ ഏജന്‍സിയുടെ ആസ്ഥാനം യുഎസ്എ ആണെന്നാണ് വ്യാപാരിയെ സമിന്‍ ധരിപ്പിച്ചത്. അറസ്റ്റിലായ സമിനെ കോടതി മാര്‍ച്ച് 13 വരെ സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണം അടൂര്‍ എഎസ്പി പി. പ്രകാശ് നടത്തും. ഇതിനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടുമെന്നു പൊലീസ് സൂചിപ്പിച്ചു.

കടപ്പാട്- മനോരമ 28-2-08

Advertisements