ഫയര്‍ഫോഴ്സിന് ഉമ്മ നല്‍കിയ 20കാരി പിടിയില്‍

കോട്ടയം: ഫയര്‍ഫോഴ്സിന് ഉമ്മകള്‍ വാരിവിതറി വീര്‍പ്പുമുട്ടിച്ച 20കാരി പിടിയില്‍. രാത്രിയില്‍ ഉറക്കമിളച്ച് ഇരിക്കുന്നതിനാലാണ് ഇവര്‍ക്ക് ഉമ്മകള്‍ നല്‍കിയതെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്തുരുത്തി ഫയര്‍ഫോഴ്സിന് രാത്രികാലങ്ങളില്‍ ഫോണ്‍വഴി ഉമ്മ നല്‍കി ശല്യപ്പെടുത്തിയ ആളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. 20കാരിയാണ് സൌജന്യമായി ഉമ്മ നല്‍കി ഫയര്‍ഫോഴ്സിനെ വട്ടം ചുറ്റിച്ചത്.
സൈബര്‍ സെല്ല് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കവേ കടുത്തുരുത്തി കൂടാതെ പിറവം ഫയര്‍ സ്റ്റേഷനിലും വിളിച്ചിട്ടുണ്ട്. ഒന്നര ആഴ്ചകൊണ്ട് 450 കോളുകള്‍. എല്ലാം 101 എന്ന നമ്പരിലാണ്. കോള്‍ ഫ്രീയായതിനാലാണ് ഫയര്‍ഫോഴ്സിനെ വിളിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൂടാതെ രാത്രികാലങ്ങളില്‍ ഫോണ്‍ കാത്തിരിക്കുന്നത് ഫയര്‍ഫോഴ്സുകാരാണ്. ഏത് സമയത്ത് വിളിച്ചാലും അവര്‍ എടുക്കും. ഉറക്കമിളച്ച് ഇരിക്കുന്നതല്ലേ എന്ന് കരുതിയാണ് ഉറങ്ങാതിരിക്കാന്‍ ഉമ്മകള്‍ നല്‍കിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. യുവതിയില്‍ നിന്നും മറ്റ് തരത്തില്‍ ഒരു ശല്യവും ഉണ്ടാകാത്തതിനാല്‍ രാത്രികാലത്തെ ഫയര്‍ഫോഴ്സ് ഫോണ്‍ എന്‍ഗേയ്ജാക്കുന്നതിന് താക്കീത് ചെയ്ത് വിട്ടയച്ചു.

Advertisements