തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിന് ഇ-മെയിലിലൂടെ വധഭീഷണി. തരൂര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.

പട്ടത്തുള്ള സൈബര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സൗദി അറേബ്യയില്‍ നിന്നാണ് ഇ-മെയില്‍ വന്നിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. ഏപ്രില്‍ 29, മെയ് 9, 12, 14, 27 തീയതികളിലാണ് തരൂരിന് ‘സുജിത്‌ജോണ്‍’ എന്നയാള്‍ ഇ-മെയില്‍ അയച്ചത്. സോണിയാഗാന്ധിയുടെ പരിചയത്തിലുള്ള ആളാണ് താനെന്നും തരൂരിനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യാന്‍ ഒരുസംഘം ആള്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും അവരെക്കുറിച്ച് വിശദാംശങ്ങള്‍ തനിക്കറിയാമെന്നുമാണ് ഇ-മെയിലിലുള്ളത്. അഞ്ചുദിവസങ്ങളിലായി ഏഴ് ഇ-മെയിലുകളാണ് തരൂരിന് ലഭിച്ചത്. ജൂണ്‍ പത്തിനാണ് തരൂര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

ഐ.പി.എല്‍. വിവാദക്കാലത്ത് തരൂരിന് നിരവധി തവണ ഇ-മെയില്‍ ഭീഷണി ലഭിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ വകവരുത്തുമെന്നുമായിരുന്നു അന്നത്തെ ഭീഷണി. ആ കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കുകയാണ്.

കടപ്പാട് – മാതൃഭൂമി

Advertisements