കൊച്ചി: അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന കേസില്‍ ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാറിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈമിന്റെ കലൂര്‍ ഫ്രീഡം റോഡിലെ ഓഫിസിലും പാല വള്ളിചിറയിലെ ജീവനക്കാരന്റെ വീട്ടിലും  റെയ്ഡ് നടത്തി. വാര്‍ത്ത ഓണ്‍ലൈനിലേക്ക് അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കടക്കം പിടിച്ചെടുത്തതായി സൂചനയുണ്ട്. ചാന്‍സലര്‍ വാച്ച് കമ്പനി ഉടമ കടുത്തുരുത്തി അറുനൂറ്റിമംഗലം സ്വദേശി അലക്‌സാണ്ടര്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അലക്‌സാണ്ടര്‍ക്ക് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിക്കില്ലെന്ന്  എറണാകുളം ജില്ലാകോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് നന്ദകുമാര്‍ ഓണ്‍ലൈനില്‍  വാര്‍ത്ത നല്‍കിയെന്നാണ് പരാതി.
സൈബര്‍ പൊലീസ് സി.ഐമാരായ അജിത്കുമാറിന്റെയും അജിത് മോഹന്റെയും നേതൃത്വത്തിലെത്തിയ സംഘം രണ്ട് മണിക്കൂറോളം നന്ദകുമാറിനെ ചോദ്യം ചെയ്തു. അലക്‌സിനെക്കുറിച്ച് ക്രൈമില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നുണ്ടെന്നും തട്ടിപ്പിനെക്കുറിച്ച് വിവരം തരാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും കാണിച്ച് ഒരു പേജ് പരസ്യം ക്രൈമില്‍ നല്‍കിയിരുന്നു. ഇത് തന്റെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതായും പള്ളികളില്‍ വിതരണം ചെയ്തതായും അലക്‌സാണ്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കടപ്പാട് – മാധ്യമം

Advertisements