Category: വാര്‍ത്ത


കൊച്ചി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവ് പിടിയില്‍. തൂത്തുക്കുടി സ്വദേശി അജയ്(27)ആണ് അറസ്റ്റിലായത്. പാലാരിവട്ടം സ്വദേശിയായ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടമ അയൂബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന അജയ് സ്ത്രീകളെ ശല്യംചെയ്തിരുന്നത്.

അയൂബിയുടെ ഫേസ്ബുക്ക് പാസ്‌വേഡ് ഹാക്ക് ചെയ്ത അജയ് സ്വന്തം മൊബൈല്‍ഫോണും ബാംഗ്ലൂരിലേയും കൊച്ചിയിലേയും ഇന്‍റര്‍നെറ്റ് കഫേകളുമാണ് തട്ടിപ്പിന് ഉപയോഗിച്ചത്. അയൂബിയുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികളോട് അയൂബിയാണെന്ന വ്യാജേന ചാറ്റ് ചെയ്ത ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. പുതുതായി സൃഷ്ടിച്ച ഇമെയില്‍ വിലാസം നല്‍കിയ ശേഷം മോഡലിങ് ആവശ്യത്തിനായി ഫോട്ടോകള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ അയൂബി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച രാത്രി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് നോര്‍ത്ത് സി.ഐ. എം.രമേഷ്‌കുമാറും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കടപ്പാട് – മാതൃഭൂമി

Advertisements

കൊച്ചി: അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന കേസില്‍ ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാറിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈമിന്റെ കലൂര്‍ ഫ്രീഡം റോഡിലെ ഓഫിസിലും പാല വള്ളിചിറയിലെ ജീവനക്കാരന്റെ വീട്ടിലും  റെയ്ഡ് നടത്തി. വാര്‍ത്ത ഓണ്‍ലൈനിലേക്ക് അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കടക്കം പിടിച്ചെടുത്തതായി സൂചനയുണ്ട്. ചാന്‍സലര്‍ വാച്ച് കമ്പനി ഉടമ കടുത്തുരുത്തി അറുനൂറ്റിമംഗലം സ്വദേശി അലക്‌സാണ്ടര്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അലക്‌സാണ്ടര്‍ക്ക് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിക്കില്ലെന്ന്  എറണാകുളം ജില്ലാകോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് നന്ദകുമാര്‍ ഓണ്‍ലൈനില്‍  വാര്‍ത്ത നല്‍കിയെന്നാണ് പരാതി.
സൈബര്‍ പൊലീസ് സി.ഐമാരായ അജിത്കുമാറിന്റെയും അജിത് മോഹന്റെയും നേതൃത്വത്തിലെത്തിയ സംഘം രണ്ട് മണിക്കൂറോളം നന്ദകുമാറിനെ ചോദ്യം ചെയ്തു. അലക്‌സിനെക്കുറിച്ച് ക്രൈമില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നുണ്ടെന്നും തട്ടിപ്പിനെക്കുറിച്ച് വിവരം തരാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും കാണിച്ച് ഒരു പേജ് പരസ്യം ക്രൈമില്‍ നല്‍കിയിരുന്നു. ഇത് തന്റെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതായും പള്ളികളില്‍ വിതരണം ചെയ്തതായും അലക്‌സാണ്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കടപ്പാട് – മാധ്യമം

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിന് ഇ-മെയിലിലൂടെ വധഭീഷണി. തരൂര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.

പട്ടത്തുള്ള സൈബര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സൗദി അറേബ്യയില്‍ നിന്നാണ് ഇ-മെയില്‍ വന്നിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. ഏപ്രില്‍ 29, മെയ് 9, 12, 14, 27 തീയതികളിലാണ് തരൂരിന് ‘സുജിത്‌ജോണ്‍’ എന്നയാള്‍ ഇ-മെയില്‍ അയച്ചത്. സോണിയാഗാന്ധിയുടെ പരിചയത്തിലുള്ള ആളാണ് താനെന്നും തരൂരിനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യാന്‍ ഒരുസംഘം ആള്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും അവരെക്കുറിച്ച് വിശദാംശങ്ങള്‍ തനിക്കറിയാമെന്നുമാണ് ഇ-മെയിലിലുള്ളത്. അഞ്ചുദിവസങ്ങളിലായി ഏഴ് ഇ-മെയിലുകളാണ് തരൂരിന് ലഭിച്ചത്. ജൂണ്‍ പത്തിനാണ് തരൂര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

ഐ.പി.എല്‍. വിവാദക്കാലത്ത് തരൂരിന് നിരവധി തവണ ഇ-മെയില്‍ ഭീഷണി ലഭിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ വകവരുത്തുമെന്നുമായിരുന്നു അന്നത്തെ ഭീഷണി. ആ കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കുകയാണ്.

കടപ്പാട് – മാതൃഭൂമി

ഫയര്‍ഫോഴ്സിന് ഉമ്മ നല്‍കിയ 20കാരി പിടിയില്‍

കോട്ടയം: ഫയര്‍ഫോഴ്സിന് ഉമ്മകള്‍ വാരിവിതറി വീര്‍പ്പുമുട്ടിച്ച 20കാരി പിടിയില്‍. രാത്രിയില്‍ ഉറക്കമിളച്ച് ഇരിക്കുന്നതിനാലാണ് ഇവര്‍ക്ക് ഉമ്മകള്‍ നല്‍കിയതെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്തുരുത്തി ഫയര്‍ഫോഴ്സിന് രാത്രികാലങ്ങളില്‍ ഫോണ്‍വഴി ഉമ്മ നല്‍കി ശല്യപ്പെടുത്തിയ ആളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. 20കാരിയാണ് സൌജന്യമായി ഉമ്മ നല്‍കി ഫയര്‍ഫോഴ്സിനെ വട്ടം ചുറ്റിച്ചത്.
സൈബര്‍ സെല്ല് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കവേ കടുത്തുരുത്തി കൂടാതെ പിറവം ഫയര്‍ സ്റ്റേഷനിലും വിളിച്ചിട്ടുണ്ട്. ഒന്നര ആഴ്ചകൊണ്ട് 450 കോളുകള്‍. എല്ലാം 101 എന്ന നമ്പരിലാണ്. കോള്‍ ഫ്രീയായതിനാലാണ് ഫയര്‍ഫോഴ്സിനെ വിളിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൂടാതെ രാത്രികാലങ്ങളില്‍ ഫോണ്‍ കാത്തിരിക്കുന്നത് ഫയര്‍ഫോഴ്സുകാരാണ്. ഏത് സമയത്ത് വിളിച്ചാലും അവര്‍ എടുക്കും. ഉറക്കമിളച്ച് ഇരിക്കുന്നതല്ലേ എന്ന് കരുതിയാണ് ഉറങ്ങാതിരിക്കാന്‍ ഉമ്മകള്‍ നല്‍കിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. യുവതിയില്‍ നിന്നും മറ്റ് തരത്തില്‍ ഒരു ശല്യവും ഉണ്ടാകാത്തതിനാല്‍ രാത്രികാലത്തെ ഫയര്‍ഫോഴ്സ് ഫോണ്‍ എന്‍ഗേയ്ജാക്കുന്നതിന് താക്കീത് ചെയ്ത് വിട്ടയച്ചു.